
അഞ്ചാറു പേർ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് വെളിപ്പെടുത്തി തമിഴ്–തെലുങ്കു നടി വരലക്ഷ്മി ശരത് കുമാർ. ഒരു തമിഴ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കവെയാണ് കുട്ടിക്കാലത്ത് തനിക്കുണ്ടായ ദുരനുഭവം താരം തുറന്നു പറഞ്ഞത്. ഒരു ഡാൻസ് ഷോയിൽ വിധികർത്താവായാണ് താരം എത്തിയത്. പരിപാടിയിലെ കെമിയെന്ന മത്സരാർഥിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.
വീട്ടിൽനിന്ന് ദുരനുഭവം നേരിടേണ്ടി വന്നു എന്ന് മത്സരാർത്ഥിയായ കെമി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ അനുഭവം തനിക്കും നേരിടേണ്ടി വന്നു എന്ന് വരലക്ഷ്മി വ്യക്തമാക്കിയത്. മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ തന്നെ മറ്റുള്ളവരുടെ അടുത്താക്കിയാണ് പോകാറുള്ളതെന്നും ആ സമയത്ത് അഞ്ചാറു പേർ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും വരലക്ഷ്മി പറഞ്ഞു.
നടി സംസാരിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. എനിക്ക് മക്കളില്ല, എന്നാൽ ഗുഡ് ടച്ചിനെക്കുറിച്ചും ബാഡ് ടച്ചിനെ കുറിച്ചും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് മാതാപിതാക്കളോട് താൻ പറയാറുണ്ടെന്നും നടി പറഞ്ഞു. നടൻ ശരത് കുമാറിന്റെയും ഛായയുടെയും മകളാണ് വരലക്ഷ്മി ശരത്കുമാർ.











